ജോർജ് പെരേര കണ്ട പ്രാണിയും
എൻറെ ഇടത് ചെവിയും
ഓടിൻറെ വിള്ളിലിലൂടെ ഊർന്നിറങ്ങുന്ന സൂര്യവെളിച്ചത്തിൽ തിളങ്ങുന്ന ചിലന്തിവലക്കണ്ണികളും അതിലകപ്പെട്ട ഇരയും വ്യഥ പരത്തിയ ജോർജ് പെരേര മനസിൽ തെളിഞ്ഞപ്പോഴാണ് ഇടത്തെ ചെവിയിലൊരു ഈച്ച വന്നിരുന്നത്. മുഷ്താഖ് എന്ന പി.എ.മുഹമ്മദ് കോയ എഴുതിയ മിസ്റ്റർ ജോർജ് പെരേര പണ്ടെങ്ങോ മനസിൽ കയറിയതാണല്ലോ എന്ന ചിന്തയും അതോടൊപ്പം രൂപപ്പെട്ടു. കഥയുടെ അവസാനം ബ്രായ്ക്കറ്റിൽ (ചന്ദ്രിക റിപ്പബ്ലിക് 1973) എന്ന് കണ്ടത് കാലങ്ങളേറെ പിറകോട്ട് നയിച്ചു. പത്രപാരായണം ശീലമാക്കാൻ പഠിപ്പിച്ച വന്ദ്യപിതാവ്. ടൌണിലുണ്ടായിരുന്ന കടയുടെ അപ്പുറത്തുമിപ്പുറത്തുമുള്ള കടകളിൽ വരുത്തുന്ന പത്രങ്ങൾക്കൂടി വായിപ്പിക്കുമായിരുന്ന ശീലം. അക്കാലത്ത് വാങ്ങിച്ചുതന്ന ചന്ദ്രിക റിപ്പബ്ലിക്ദിന പതിപ്പിലൂടെ മനസിൽ കുടിയേറിയതാകാം ഈ ജോർജ് പെരേര. പെരേരയിലൂടെ കടന്നുപോകുമ്പോഴാണ് ഇടത്തെ ചെവിയിൽ ഒരു പ്രാണി വന്നിരുന്നത്. പെരേര കണ്ട ചിലന്തിവലയിൽ കുടുങ്ങിയ പ്രാണിയുമായി വല്ല ബന്ധമുള്ളതാണോ എന്നറിയില്ല. ആശയറ്റ പെരേരെയുടെ നിസംഗതയിൽനിന്ന് മാറി പെരേരയുടെ പട്ടാളക്കഥയോർത്തുള്ള ആവേശത്തിലാകാം ഇടത്തെ കൈകൊണ്ടുതന്നെ പ്രാണിയെ ആട്ടി. അതൽപം കടുപ്പത്തിലുമായി. പ്രാണി പ്രാണിയുടെ വഴിക്ക് പോയെങ്കിലും ചെവിയുടെ ഇടുക്കിൽ നഖം കൊണ്ട് പോറലേറ്റു. 24 മണിക്കൂർ കഴിഞ്ഞിട്ടും ചൊര കിനിഞ്ഞുകൊണ്ടേയിരുന്നതിനാൽ ആശുപത്രിയിൽ ചെന്ന് ഡ്രസ് ചെയ്യിക്കേണ്ടതായും വന്നു.
ചന്ദ്രികയിൽ സീനിയർ ആയിരുന്ന നടക്കാവ് മുഹമ്മദ് കോയ അദ്ദേഹത്തിൻറെ ഗുരുനാഥൻ കൂടിയായ പി.എ.മുഹമ്മദ് കോയയെക്കുറിച്ച് തയാറാക്കിയ പുസ്തകം (പി.എ.മുഹമ്മദ് കോയ – മായാത്ത അക്ഷരങ്ങൾ) വളരെ താത്പര്യപൂർവമാണ് വായിച്ചത്.അതിലാണ് പി.എ.മുഹമ്മദ് കോയ പതിറ്റാണ്ടുകൾക്ക് മുൻപെഴുതിയ ജോർജ് പെരേര എന്ന കഥയുമുള്ളത്.
ചന്ദ്രിക പത്രത്തിൻറെ പ്രാദേശിക ലേഖകനായിരിക്കെ കോഴിക്കോട്ട് ചെന്നപ്പോൾ ഒരു നിഴലുപോലെ കണ്ട ഓർമ്മയേ പി.എ.മുഹമ്മദ് കോയയെക്കുറിച്ചുള്ളൂ.
അതിനുശേഷം കേട്ടറിഞ്ഞ പിഎയെ മനസിലിട്ടാണ് പുസ്തകവായന ആരംഭിച്ചത്. മിഠായിത്തെരുവിലൂടെ നടന്നുപോകുന്ന തോന്നലുണ്ട് നടക്കാവിൻറെ ആഖ്യാനത്തിന്. പി.എ.എന്ന എഴുത്തുകാരനെ വരച്ചുകാട്ടുന്നതിനൊപ്പം പി.എയുടെ എഴുത്തിനെയും പ്രതിപാദിക്കുന്നു പുസ്തകത്തിൽ. ശരിക്കും ഒരുകാലഘട്ടത്തിൻറെ കോഴിക്കോടൻ തനിമ അനുഭവവേദ്യമാകുന്നതു പോലെ.സുൽത്താൻവീടിൻറെയും സുറുമയിട്ട കണ്ണുകളുടെയും പിന്നാമ്പുറങ്ങൾ മാത്രമല്ല കോഴിക്കോട്ട് ഫുട്ബോൾ മാമാങ്കത്തിൻറെ കൊച്ചുകൊച്ചു കഥകളുമൊക്കെയായി ഗുരുവിന് ശിഷ്യൻറെ വിലപ്പെട്ട ഉപഹാരം.
പി.എ.മുഹമ്മദ് കോയ എന്ന സഞ്ചരിക്കുന്ന എൻസൈക്ലോപീഡിയയെക്കുറിച്ചുള്ള ഓർമ്മ മലയാളി മനസിൽ നിർത്താൻ നടക്കാവ് മുഹമ്മദ് കോയ നടത്തിയ ശ്രമം ശ്ലാഘനീയമാണ്. നടക്കാവും ആമുഖത്തിൽ ആദരണീയനായ തോമസ് ജേക്കബ് സാറും പങ്കുവച്ച വികാരം തീർത്തും പ്രസക്തമാണ്- പി.എയെ വേണ്ടവിധം ആഘോഷിക്കാൻ നാം എന്തേ മറന്നുപോയി?
എ.എം.ഹസ്സൻ




