ഇന്ത്യ സ്വതന്ത്രമാവുകയും പാകിസ്താന് പിറക്കുകയും ചെയ്ത 1947 ല്‍, നിലവിലുണ്ടായിരുന്ന സര്‍വേന്ത്യാ മുസ്്ലിംലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ച് പുതിയ ന്യൂനപക്ഷ രാഷ്ട്രീയം ഇന്ത്യയില്‍ പിറവിയെടുത്തത് 1948 മാര്‍ച്ച് 10 ന് ചെന്നൈയിലെ ബാങ്ക്വറ്റിംഗ് ഹാളില്‍(ഇപ്പോള്‍ രാജാജി ഹാള്‍)ഇന്ത്യന്‍ യൂനിയന്‍ മുസ്്ലിംലീഗ് എന്ന പേരിലായിരുന്നു. ഒരേ സമയം രാജ്യത്തിന്റെയും മുസ്്ലിംസമുദായത്തിന്റെയും താല്പര്യങ്ങള് സംരക്ഷിക്കുക എന്ന ദൗത്യം മുന്നിലുണ്ടാവുകയും അത് നിര്‍വഹിക്കാനുള്ള തടസ്സങ്ങള്‍ സങ്കീര്‍ണമായി നിലനില്ക്കുകയും ചെയ്തിരുന്ന മുസ്ലിംലീഗ് പാര്‍ട്ടിയുടെ ആദ്യ കാലങ്ങള്‍ ഇന്ത്യന്‍/കേരള രാഷ്ട്രീയ വിദ്യാര്‍ഥികളുടെ പഠന മേഖലയിലെ സവിശേഷ തലമാണ്. ന്യൂനപക്ഷ രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണായകമായ ഈ നാളുകളെ അന്വേഷിച്ചിറങ്ങുമ്പോള്‍, ആവശ്യമായ രേഖകളുടെ അഭാവം പഠിതാക്കള്‍ക്ക് പ്രയാസമുണ്ടാക്കുന്ന കാര്യമാണ്.
ചരിത്രരേഖകളുടെ ലഭ്യതക്കുറവും ഉള്ളവ പലയിടങ്ങളിലായി ചിതറിക്കിടക്കുന്നതുമാണ് മുഖ്വപ്രശ്നം. അന്വേഷികളുടെയും പഠിതാക്കളുടെയും മുന്നിലുള്ള ഈ പ്രതിസന്ധിക്ക് ഒരളവോളം പരിഹാരം കണാന്‍ കഴിയുന്ന പുസ്തകമാണ് ‘ഗ്രൈസ് എജുക്കേഷണല്‍ അസോസിയേഷന്’ പുറത്തിറക്കിയ ‘മുസ്്ലിംലീഗ് രേഖകള്‍’. ഏതാണ്ട് 1948 മുതല്‍ 1970 വരെയുള്ള കാലയളവില്‍ മുസ്ലിംലീഗ് പൊതുലേഖകളായി പ്രസിദ്ധീകരിച്ച 31 രേഖകളാണ് ഇതിലുള്ളത്. 1948 മാര്‍ച്ച് 10 ന് ചെന്നൈയില്‍ ചേര്‍ന്ന മുസ്ലിംലീഗ് രൂപീകരണ യോഗത്തില്‍ പാസാക്കിയ പ്രമേയങ്ങളും അനുബന്ധ പരിപാടികളും, മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ മുസ്ലിംലീഗ് നയങ്ങളും ദൗത്യങ്ങളും വിവരിക്കുന്ന ‘മുസ്ലിംലീഗ് എന്തിന്?’ എന്ന ലേഖനം, കെ.എം സീതി സാഹിബിന്റെ ‘ഇന്ത്യന്‍ മുസ്്ലിംകളും മുസ്ലിം ലീഗും’ എന്ന ലേഖനം, 1951 ല്‍ നിലവില്‍ വന്ന മുസ്ലിംലീഗ് ഭരണഘടന, മുസ്ലിംലീഗ് വാര്‍ഷിക സമ്മേളനത്തില്‍ അബ്ദുറഹ്്മാന് ബാഫഖി തങ്ങള്‍ നടത്തിയ പ്രസംഗം, 1960 ലെ കേരളനിയമ സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാര്‍ട്ടി പുറത്തിറക്കിയ പ്രകടനപത്രിക, മുസ്ലിംലീഗ് സമ്മേളനത്തില്‍ പാണക്കാട് പൂക്കോയ തങ്ങല് നടത്തിയ പ്രസംഗം, 1962 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തിലല്‍ നിന്നും ജനവിധി തേടിയ എസ്.കെ പൊറ്റക്കാടിനെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്തുള്ള ബാഫഖി തങ്ങളുടെ പ്രസ്താവന, മലപ്പുറം ജില്ലാരൂപീകരണത്തോടനുബന്ധിച്ച് ബഫഖി തങ്ങള്‍ നടത്തിയ പ്രസ്താവന തുടങ്ങിയ ശ്രദ്ധേയമായ രേഖകളിലൂടെ പുസ്തകം കടന്നു പോകുന്നു.
എഴുപതുകള്‍ വരെയുള്ള ന്യൂനപക്ഷ രാഷ്ടീയത്തിന്റെ സ്പന്ദനം തൊട്ടറിയാന്‍ ഈ പുസ്തകത്തിലെ രേഖകളിലൂടെ സഞ്ചരിച്ചാല്‍ മതിയാകും. സ്വതന്ത്ര ഇന്ത്യയില്‍ മുസ്ലിംലീഗ് കെട്ടിപ്പടുക്കുന്നതിന് ധീരമായി നേതൃത്വം നല്കിയ മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ 1949 ലെ ‘മുസ്ലിംലീഗ് എന്തിന്?’ എന്നു വിശദീകരിക്കുന്ന ലേഖനം മതി, ആ പ്രസ്ഥാനത്തിന്റെ നാള്വഴികളുടെ ചൂടറിയാന്‍. ഇന്ത്യന്‍ രാഷ്ട്രീയ ഘടനയില്‍ സമുദായ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്ഥാനമില്ല എന്നു പറയുന്നവരോട്, ന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങളുന്നയിക്കാന്‍ ഒരു സംഘടന പ്രത്യേകം ആവശ്യമാണെന്നു പറഞ്ഞ് വാദിക്കുന്നുണ്ടതില്. ന്യൂനപക്ഷങ്ങള്‍ക്ക് ഒരാവശ്യം വന്നാല്‍ അതേറ്റെടുക്കാന്‍ ഭൂരിപക്ഷ സമുദായാംഗങ്ങള്‍ക്കു പ്രാമുഖ്യമുള്ള സാമുദായികമല്ലാത്ത പാര്‍ട്ടികള്‍ തയ്യാറാകാത്ത ഒരു പശ്ചാത്തലത്തിലായിരുന്നു ഈ ഒരു വാദമുയര്‍ത്തിയത്. ഒരു സമുദായമെന്ന നിലയില്‍ ന്യായമായും നിലനില്‍ക്കാമെങ്കില്‍ തങ്ങളുടെ മതപരവും സാംസ്കാരികവും വിദ്യാഭ്യാസപരവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ അവകാശങ്ങളും ചുമതലകളും സംരക്ഷിക്കുന്നതിന് ഒരു സംഘടനയുണ്ടാകുന്നതില് തെറ്റില്ലെന്നായിരുന്നു ഇസ്മാഈല്‍ സാഹിബിന്റെ വാദം.
എന്നാല്‍, ഇന്ത്യന്‍ പൊതുബോധത്തിന്റെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പശ്ചാത്തലം പുതിയ വഴികളിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കുന്ന വര്‍ത്തമാന കാലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ വിശദീകരണങ്ങളെ ഒരു ഗവേഷണ വിദ്യാര്‍ഥി എങ്ങനെ സമീപിക്കും എന്ന ചോദ്യം ഉയരുന്നു. സമുദായ/ജാതി കേന്ദ്രിത രാഷ്ട്രീയ പാര്‍ട്ടികളുടെ പാര്‍ലമെന്ററി ഇടപെടലുകള്‍, വര്‍ഗീയ പാര്‍ട്ടികള്‍ മാത്രമല്ല മുഖ്യധാര പാര്‍ട്ടികള്‍ പോലും പൊതുധ്രുവീകരണത്തിനും വര്ഗീയവിള്ളലുകള്ക്കും ഉപയോഗിക്കുമ്പോള്‍ ന്യൂനപക്ഷസമുദായ മേല്‍വിലാസങ്ങളുള്ള പാര്‍ട്ടികള്‍ എങ്ങനെയാണ് പൊതുമണ്ഡലത്തില്‍ ഇടപെടേണ്ടതെന്ന ആലോചന പ്രസക്തമാണ്. പേരിലും പ്രവര്‍ത്തനങ്ങളിലും കൃത്യമായ സാമുദായിക സ്വത്വം ആവിഷ്കരിക്കുമ്പോള്‍ തന്നെ പൊതുമണ്ഡലത്തിലെ തങ്ങളുടെ ഇടപെടലുകള്‍ എത്രമാത്രം നിഷ്കളങ്കമാണ് എന്നതിനെ ആശ്രയിച്ചിരിക്കും അവയുടെ നിലനില്പ്.
ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം, തൊണ്ണൂറുകള്‍ക്കു ശേഷം കേരളത്തില്‍ രൂപപ്പെട്ട ന്യൂനപക്ഷ കേന്ദ്രിത രാഷ്ട്രീയ പാര്‍ട്ടികള്‍ ബോധപൂര്‍വം അവയുടെ പേരുകളില്‍ മുസ്്ലിം എന്ന് ഉപയോഗിച്ചിട്ടില്ല എന്നുള്ളതാണ്. അതേ സമയം, അവരുടെ മാനിഫെസ്റ്റോ മതേതര സാമൂഹ്യ സങ്കല്പ്പങ്ങല്ക്ക് നേര്വിരുദ്ധവും അപകടകരവുമാണെന്ന വസ്തുതയും നിലനില്ക്കുന്നു. ഇവിടെയാണ് മുസ്ലിംലീഗ് എന്ന രാഷ്ടീയ പാര്‍ട്ടിയുടെ രാജ്യ/സമുദായ താല്പര്യങ്ങളില് കരുതലുകളുണ്ടാവേണ്ടത്. സമുദായത്തിനകത്തെ തീവ്രവാദങ്ങളെയും പൊതുസമൂഹത്തിലെ വര്ഗീയവാദങ്ങളെയും ഒരേ സമയം മുന്നില്‍ കണ്ട്, നയങ്ങളും പരിപാടികളും നടപ്പിലാക്കേണ്ട ബാധ്യതയാണ് മുസ്്ലിംലീഗിനുള്ളത്. ഇസ്മാഈല്‍ സാഹിബിന്റെ വാദങ്ങളുടെയും പാര്‍ട്ടിരൂപീകരണ കാലത്തെ നയങ്ങളുടെയും വിശദീകരണം വര്‍ത്തമാന കാലത്ത് പാര്‍ട്ടി നിര്‍വഹിക്കാന്‍ ശ്രമിക്കുന്നതും അത്തരം പക്വമായ ഇടപെടലുകളിലൂടെയാണെന്ന് കരുതുന്നു. അശ്റഫ് തങ്ങള്‍ ചെട്ടിപ്പടിയാണ് രേഖകള്‍ സമാഹരിക്കുക എന്ന ശ്രമകരമായ ദൗത്യം നിര്‍വഹിച്ചിരിക്കുന്നത്. എം.ഐ തങ്ങള്‍, എം.സി വടകര, പി.എ റശീദ് എന്നിവരാണ് എഡിറ്റര്‍മാര്‍. മഹ്മൂദ് കൂരിയയാണ് പുസ്തകത്തിന്റെ കവര്‍ ചെയ്തിരിക്കുന്നത്.




